News details

"സാംസ്‌കാരിക വൈവിധ്യം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ ഗുണങ്ങൾ ഇന്ത്യക്കാരുടെ യശസ്സുയർത്തുന്നു"

November 11, 2019

"സാംസ്‌കാരിക വൈവിധ്യം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ ഗുണങ്ങൾ ഇന്ത്യക്കാരുടെ യശസ്സുയർത്തുന്നു"  

വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമ ഭൂമി എന്ന നിലയിൽ ഇന്ത്യക്ക്  സവിശേഷ സ്ഥാനമുണ്ടെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി കുമരൻ അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുതയും സഹവർത്തിത്വവും പരസ്പര ബഹുമാനവുമാണ് ഇന്ത്യക്കാരുടെ പ്രത്യേകത. ഈ പ്രത്യേകത തൊഴിൽ മാർക്കറ്റിൽ ഇന്ത്യക്കാരെ  പ്രിയങ്കരരാക്കുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ധാരാളം സാമൂഹ്യ സംഘടനകൾ ഇന്ത്യക്കാരുടേതായി ഖത്തറിൽ നിലവിലുണ്ട്. ഇത്തരം സംഘടനകൾ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ശ്രദ്ധിക്കണമെന്ന് അംബാസഡർ ആഹ്വാനം ചെയ്തു.
നാൽപ്പതു വർഷമായി ഖത്തറിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്ററിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ ഓഫീസിന്റെ ഉദ്‌ഘാടനമെന്നു ചടങ്ങിൽ ആധ്യക്ഷം വഹിച്ച പ്രസിഡന്റ് കെ.എൻ.സുലൈമാൻ മദനി പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ വി ടി ഫൈസൽ (സി ഐ സി),സമീർ ഏറാമല,ഹൈദർ ചുങ്കത്തറ (ഇൻകാസ്‌),ഉമർ ബാനിഷ്‌ (സ്ംസ്കൃതി),അബൂബക്കർ അൽ ഖാസിമി (കേരള സുന്നി സെന്റർ),ഖലീൽ എ പി (യൂണിറ്റി),ഷാനവാസ്‌ (ഐ എഫ്‌ എഫ്‌), മുഹ്‌സിൻ പി (ഐ.സി.സി), അഷഹദ് ഫൈസി (ഫോക്കസ് ഖത്തർ), അഹമ്മദ് കുട്ടി മദനി എന്നിവർ സംസാരിച്ചു.
ഷമീർ വലിയവീട്ടിൽ സ്വാഗതവും നസീർ പാനൂർ നന്ദിയും പറഞ്ഞു.