News details

പ്രമാണങ്ങൾക്കും ചരിത്രങ്ങൾക്കും ഇജ്തിഹാദിനും ഊന്നൽ നല്കുന്നതാകണം മുസ്ലിം നവോത്ഥാനം: Dr ജാബിർ അമാനി

April 29, 2019

പ്രമാണങ്ങൾക്കും ചരിത്രങ്ങൾക്കും ഇജ്തിഹാദിനും ഊന്നൽ നല്കുന്നതാകണം മുസ്ലിം നവോത്ഥാനം എന്ന് Dr ജാബിർ അമാനി അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അക്കാഡമിക് സെമിനാറിൽ നവോത്ഥാന നിർമിതിയുടെ കേരളീയ പരിപ്രേക്ഷ്യം: സങ്കൽപ്പങ്ങൾ, സാദ്ധ്യതകൾ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതാതു കാലഘട്ടത്തിലെ മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ജ്ഞാനോദയമാകണം നവോത്ഥാനം. കാലാനുസൃതമായ പരിഷ്കരണവും കാലബന്ധിതമായി നിർവ്വഹിക്കപ്പെടേണ്ടതാണ് ഇസ്ലാമിക നവോദ്ധാനം. ഇബ്നു ഖൽദൂനിനെയും ഇബ്നു സീനയെയും ഇമാം റാസിയെയും പോലുള്ള ഉഗ്ര പ്രതാപികളായ വിജ്ഞാന സ്രോതസ്സുകളുടെ കാർബൺ കോപ്പി ആയിരുന്നു പിൽക്കാല യൂറോപ്യൻ ജ്ഞാനോദങ്ങളെന്ന് നിഷ്പക്ഷ ചരിത്ര വായനകളിൽ നമുക്ക് കാണാൻ കഴിയും. കേരളീയ നവോത്ഥാനത്തിലെ പാശ്ചാത്യ സ്വാധീനം കുറവാണെന്നും അവയുടെ തുടക്കം മാലിക് ദീനാറിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആൾകൂട്ടങ്ങളാകരുത് ഒരു നവോദ്ധാനത്തിന്റെ ഫലപ്രാപ്തിയെന്നും മറിച്ചു കേരള മുസ്ലിങ്ങളെ പുതിയ കാലത്തിൽ ബോധപൂർവ്വമായ രാഷ്ട്രീയ ഇടപെടലിലൂടെ മതത്തിന്റെ മൗലിക ആശയത്തിൽ നിന്ന് ഇന്നിന്റെ ചോദ്യങ്ങൾക്ക് ഉത്തരത്തിന് പ്രാപ്തനാക്കുന്നതാവണം നവോദ്ധാനം. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ്‌ സുലൈമാൻ മദനി ചർച്ചകൾക്ക് നേതൃത്വം നൽകി. പാനൽ ചർച്ചയിൽ SAM ബഷീർ, അബ്ദുൽ ജലീൽ മദനി,നൗഷാദ് പയ്യോളി അഫീഫ ഷമീം, ജസീല നാസിർ തുടങ്ങിയവർ പങ്കെടുത്തു. സിറാജ് മദനി ഇരിട്ടി സ്വാഗതവും റിയാസ് വാണിമേൽ നന്ദിയും രേഖപ്പെടുത്തി.