News details

കേരളം: രണ്ടാം നവോത്ഥാനത്തിനു സമയമായി - ഡോ: കെ ജയകുമാര്‍

April 09, 2018

ദോഹ: നവംബര്‍ 16,17 തീയതികളില്‍ നടക്കുന്ന ഏഴാം ഖത്തര്‍ മലയാളി സമ്മേളനത്തിന്‍റെ പ്രഖ്യാപനം മുന്‍ കേരള ചീഫ് സെക്രട്ടറിയും മലയാളസര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. കെ ജയകുമാര്‍ നടത്തി. 'മഹിതം മാനവീയം' എന്നത് അങ്ങേയറ്റം കാലികമായ ഒരു പ്രമേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശതാബ്ദങ്ങളായി സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തവരാണു മലയാളികള്‍. ആഗോളവല്‍ക്കരണത്തെ ലോകമറിഞ്ഞതിനു മുമ്പ് മനസിലാക്കിയവരാണു മലയാളികള്‍. ഒരുപക്ഷേ അതിന്‍റെ ചരിത്രത്തിന്‍റെ നീതിബോധമായിരിക്കാം ഗള്‍ഫുനാടുകള്‍ മലയാളിക്ക് ആതിഥ്യത്തിലൂടെ തിരിച്ചുനല്കിയത്.

 ആധുനിക കേരളത്തിന്‍റെ ശില്പികള്‍ ഗള്‍ഫുമലയാളികളാണെന്നു ഡോ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ്പ്രവാസം നടന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്‍റെ അവസ്ഥ എന്താകുമായിരുന്നെന്ന് ഊഹിക്കാന്‍ പോലും വയ്യാത്തതാണ്. എന്നാല്‍ അതിന് കേരളം പ്രവാസികള്‍ക്ക് എന്തു തിരിച്ചുനല്കി എന്ന ചോദ്യത്തിനു സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന തനിക്കു പോലും മറുപടി പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

 കേരളത്തിന്‍റെ അവസ്ഥ പുറത്തു മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്ര ഭീദിതമല്ല. സങ്കുചിതത്വവും മറ്റു അപകടകരമായ പ്രവണതകളും കേരളത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും അവ ഒറ്റപ്പെട്ട പ്രതിഭാസങ്ങള്‍ മാത്രമാണ്. അത്തരം പ്രവണതകളെ സാമാന്യവത്കരിക്കേണ്ടതില്ല - അദ്ദേഹം ചൂണ്ടിക്കാട്ടി. നډയുടെ തുരുത്തുകള്‍ നമ്മുടെ നാട്ടില്‍ എമ്പാടുമുണ്ട്. അത്തരം നډകളെയാണു നാം തിരിച്ചറിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും - അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ആര്‍ജവമായ ഭാഷയാണു മലയാളിക്കുള്ളത്. ശബ്ദവൈവിധ്യം കൊണ്ടും ലിപിവൈവിധ്യം കൊണ്ടും സമ്പന്നമാണത്. എന്നാല്‍ പുതുതലമുറ മലയാളികള്‍ മലയാളഭാഷയെ അവഗണിക്കുകയാണ്. മലയാളികള്‍ ഇക്കാര്യത്തില്‍ ലജ്ജിക്കണമെന്നു ഡോ. ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കെ മുഹമ്മദ് ഈസ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബന്ധങ്ങള്‍ക്കു വില കല്പിച്ചവരായിരുന്നു മലയാളി ഒരു കാലത്ത് എന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുന്നുണ്ടോ എന്നാണു നാമിപ്പോള്‍ ആശങ്കപ്പെടുന്നത്. കൂടിവരുന്ന വൃദ്ധസദനങ്ങള്‍ തീര്‍ച്ചയായും നല്ല ലക്ഷണമല്ല. നډയിലേക്കുള്ള മലയാളിയുടെ തിരിച്ചുപോക്കിനു മലയാളിസമ്മേളനം നിമിത്തമാകട്ടെ എന്നു മുഹമ്മദ് ഈസ ആശംസിച്ചു.

 ഹാശിര്‍ അലി ടി പി എം സമ്മേളനത്തിന്‍റെ വെബ്സൈറ്റ് ലോഞ്ചിംഗും ഉസ്മാന്‍ കല്ലന്‍ റിലീഫ് പ്രൊജക്റ്റ് പ്രഖ്യാപനവും നിര്‍വഹിച്ചു.

അഡ്വക്കറ്റ് ഇസ്മാഈല്‍ നډണ്ട 'മഹിതം മാനവീയം' എന്ന സമ്മേളനപ്രമേയം അവതരിപ്പിച്ചു.

 ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍ ആശംസാപ്രസംഗം നടത്തി. ഐ സി ബി എഫ് പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂര്‍ സമ്മേളനലോഗോ പ്രകാശനം ചെയ്തു.

 അക്ബര്‍ ഖാസിം, ഉണ്ണി ഒളകര, പി കെ അബ്ദുല്ല, അബ്ദുന്നാസര്‍ നാച്ചി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, അബ്ദുല്‍ അസീസ് എന്‍ ഇ, ഷൗക്കത്ത് ജലീല്‍, മുസ്തഫ കല്പകഞ്ചേരി, ഹൈദര്‍ ചുങ്കത്തറ, പി എന്‍ ബാബുരാജ്, അബൂബക്കര്‍ ടി കെ, ഖലീല്‍ എ പി, നസീര്‍ മുസാഫി, എന്‍ കെ മുസ്തഫ, അഹ്മദ് അന്‍സാരി, എഞ്ചിനീയര്‍ നജീബ് എന്നിവര്‍ അദ്ധ്യക്ഷവേദിയില്‍ സന്നിഹിതരായിരുന്നു.

 സിറാജ് ഇരിട്ടി സ്വാഗതവും അബ്ദുസ്സമദ് എം ടി നന്ദിയും പറഞ്ഞു.