News details

വിവേകമുള്ള പുതു തലമുറയെ രൂപപ്പെടുത്തുന്ന നഴ്‌സറികളാണ് കുടുംബം

May 21, 2016

വിവേകമുള്ള പുതു തലമുറയെ രൂപപ്പെടുത്തുന്ന നഴ്‌സറികളാണ് കുടുംബം: ശമീമ ഇസ്‌ലാഹിയ്യ
ദോഹ: വിവേകമുള്ള പുതു തലമുറയെ രൂപപ്പെടുത്തുന്ന നഴ്‌സറികളാണ് കുടുംബമെന്നും സംശുദ്ധ ജീവിതം രൂപപ്പെടേണ്ട ആട്ടു തൊട്ടിലാണതെന്നും എം ജി എം സംസ്ഥാന പ്രസിഡന്റും കേരള വഖ്ഫ് ബോര്‍ഡ് അംഗവുമായ ശമീമ ഇസ്‌ലാഹിയ്യ. തനിമയാര്‍ന്ന ആദര്‍ശം, സംശുദ്ധ ജീവിതം എന്ന ശീര്‍ഷകത്തില്‍ ഫനാറിന്റെ സഹകരണത്തോടെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ത്രൈമാസ കാംപെയ്ന്‍ സമാപന പരിപാടിയുടെ ഭാഗമായി ദഫ്‌നയിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന വനിതാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍. 
 
സാങ്കേതിക വിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും നടുവില്‍ അച്ഛനെയും അമ്മയെയും തിരിച്ചറിയാതാവുന്ന കാലത്ത് ജീവിത രീതിയില്‍ പറ്റിപ്പിടിച്ച തുരുമ്പുകള്‍ അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായി നിരന്തരം പുനരാലോചന നടത്തണം. സ്‌നേഹത്തിന്റെ താളവും ലാളനയും ധാര്‍മികബോധത്തിന്റെ കരുതലും ചോര്‍ന്നു പോകരുത്. നിരന്തരം ഉപദേശിക്കുന്നതിനു പകരം ധാര്‍മിക മൂല്യങ്ങളും സദ്ഗുണങ്ങളും ജീവിതത്തില്‍ കാണിച്ചുകൊടുക്കാന്‍ സാധിക്കുന്ന രക്ഷിതാക്കള്‍ക്കാണ് പുതു തലമുറയ്ക്കു മാതൃകകളാകാന്‍ സാധിക്കുക. ഇസ്‌ലാമിക- ധാര്‍മിക മൂല്യങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട റോള്‍ മോഡലുകളെയാണ് പുതു തലമുറയ്ക്ക് കൊടുക്കാന്‍ കഴിയുന്ന വലിയ സമ്മാനമെന്നും ശമീമ ഇസ്‌ലാഹിയ്യ പറഞ്ഞു. 
എം ജി എം ഖത്തര്‍ പ്രസിഡന്റ് സുഹറ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഡോ. ബേനസീര്‍ ലതീഫ് സംസാരിച്ചു. ഡോ. ആയിഷ വണ്ടൂര്‍, അഡ്വ. ഷബീന മൊയ്തീന്‍, സുഹറ അബൂബക്കര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹാജറ നജീബ് ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജമീല നാസര്‍ സ്വാഗതവും സെക്രട്ടറി ജെസി ഹാഫിസ് നന്ദിയും പറഞ്ഞു.
ത്രൈമാസ കാംപെയ്‌നിന്റെ ഭാഗമായി നിരവധി പരിപാടികളാണ് എം ജി എം ഖത്തര്‍ സംഘടിപ്പിച്ചത്. കാംപെയ്ന്‍ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അയല്‍ക്കൂട്ടം, കുടുംബസംഗമങ്ങള്‍, പൊതുപ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.