News details

റമദാനില്‍ ആത്മീയവിഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കുക

June 01, 2016

റമദാനില്‍ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യങ്ങളിലല്ല കുടുംബിനികള്‍
ശ്രദ്ധിക്കേണ്ടതെന്നും മറിച്ച് ആത്മീയവിഭവങ്ങള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനാണു പ്രാധാന്യം നല്‍കേണ്ടതെ
ന്നും എം ജി എം സംസ്ഥാന പ്രസിഡന്‍റും കേരള വഖ്ഫ് ബോര്‍ഡ് മെമ്പറുമായ ശമീമ
ഇസ്ലാഹിയ്യ അഭിപ്രായപ്പെട്ടു. ശൈഖ് അബ്ദുല്ലാ ബിന്‍ സൈദ് ആല്‍
മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഫനാര്‍) സ്ത്രീകള്‍ക്കു മാത്രമായി
സംഘടിപ്പിച്ച 'അഹ്ലന്‍ റമദാന്‍  1437' പരിപാടിയില്‍ പ്രഭാഷണം
നടത്തുകയായിരുന്നു അവര്‍.
സ്ത്രീകളുടെ റമദാന്‍ പലപ്പോഴും അടുക്കളകളില്‍
തളയ്ക്കപ്പെടുകയാണ്. റമദാന്‍ മാസത്തില്‍ ഭക്ഷണകാര്യങ്ങളിലെല്ലാം
നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട്
പുണ്യകര്‍മങ്ങള്‍ അധികരിപ്പിച്ച്
പരമാവധി ദൈവസാമീപ്യത്തിനായി പരിശ്രമിക്കാനാണു
ഇസ്ലാമികാധ്യാപനങ്ങള്‍ വിശ്വാസികളോടാവശ്യപ്പെടുന്നത്. എന്നാല്‍
കുടുംബത്തിനും വിരുന്നുകാര്‍ക്കും പരമാവധി വ്യത്യസ്തതകളോടെ
ഭക്ഷണവിഭവങ്ങള്‍ തയ്യാറാക്കലാണു തങ്ങളുടെ കര്‍ത്തവ്യം എന്നു
തോന്നിപ്പിക്കുംവിധമാണു ഭൂരിഭാഗം കുടുംബിനികളും പെരുമാറുന്നത്.
കുടുംബത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി
ഭക്ഷണം തയ്യാറാക്കുന്നത്
പുണ്യകര്‍മ്മമാണെങ്കിലും റമദാനില്‍ പാലിക്കേണ്ട മുന്‍ഗണനാക്രമം നാം
അനുസരിച്ചേ മതിയാവൂ. റമദാനില്‍ നന്മകള്‍ വര്‍ദ്ധിപ്പിക്കാനും
പാപമോചനത്തിനായി നിരന്തരം പ്രാര്‍ത്ഥനകളില്‍ മുഴുകാനും വിശുദ്ധ
ഖുര്‍ആനും നബി(സ)യും ആഹ്വാനം ചെയ്യുന്നത് പുരുഷന്മാരോട്
മാത്രമല്ലെന്നും ഇതെല്ലാം സ്ത്രീകള്‍ക്കും ബാധകമായ
നിര്‍ദേശങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എം ജി എം ഖത്തര്‍
വൈസ് പ്രസിഡന്‍റ് ഖമറുന്നിസ ശാഹുല്‍ അധ്യക്ഷയായിരുന്നു. ജനറല്‍
സെക്രട്ടറി ജമീല നാസര്‍, സെക്രട്ടറി ബുഷ്റ ഇബ്റാഹീം എന്നിവര്‍
സംസാരിച്ചു. ഇതാദ്യമായാണ് മലയാളിവനിതകള്‍ക്കു മാത്രമായി ഇത്തരം
ഒരു പരിപാടി ഫനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെടുന്നത്.